തിരുവനന്തപുരം: കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിൽ-നൈപുണ്യ വികസന മേഖലകളിൽ ജർമനിയുമായി പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജർമൻ പ്രതിനിധി സംഘവുമായി തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും, ധനമന്ത്രി കെ.എൻ. ബാലഗോപാലും കൂടിക്കാഴ്ച നടത്തി.
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (KASE) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ജർമൻ കോൺസൽ ജനറൽ എകിം ബുർകാട്ടിന്റെ നേതൃത്വത്തിൽ 27 ജർമൻ പ്രതിനിധികൾ പങ്കെടുത്തു.
കഴിഞ്ഞ ഒരു വർഷമായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളുമായി സഹകരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിക്ഷേപം ആകർഷിക്കാനുമുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് ആദ്യമായി കേരളത്തിലെ തൊഴിൽ, നൈപുണ്യ വകുപ്പ് KASE വഴി ജർമൻ ഭാഷാ പരിശീലനം നിലവാരമുള്ളതാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗെയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്, ഒഎസ്ഡി എന്നിവയുമായി സഹകരിച്ച് ശക്തമായ ഭാഷാ പരിശീലന സംവിധാനം ഒരുക്കുകയാണ്. TELC, ECL തുടങ്ങിയ അന്താരാഷ്ട്ര സർട്ടിഫയിംഗ് ഏജൻസികളും ഈ സംരംഭത്തിൽ പങ്കുചേരും.